Thursday, December 31, 2009
കമലാ നെഹ്രു സ്കൂള്‍ ജേതാക്കള്‍
(*മാതൃഭൂമി വാര്‍ത്ത* 2009 ഡിസംബര്‍-29 ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചത്)
Thursday, December 24, 2009
പഠനയാത്ര

നടന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി.
Sunday, December 20, 2009
സാഹിത്യ ശില്പശാല

Saturday, December 19, 2009
അവരുടെ കാഴ്ച (കവിത)
Arun...We are proud of you...

Wednesday, December 16, 2009
SS CLUB- ന് അഭിനന്ദനങ്ങള്‍

കമലാ നെഹ്രു സ്കൂളിനുള്ള കിരീടം ചാവക്കാട് DEO ശ്രീമതി.വിശാലാക്ഷി,
വലപ്പാട് AEO ശ്രീ.എ.ബി.ജയപ്രകാശ്, എന്നിവരുടെ സാന്നിധ്യത്തില്‍
ശ്രീ.ദേവാനന്ദ് മാസ്റ്റര്‍ ഏറ്റുവാങ്ങുന്നു
Saturday, December 12, 2009
നമ്മുടെ ഗ്രാമചരിത്രത്തിലൂടെ....

വാടാനപ്പള്ളിയുടെ സമീപകാല ചരിത്രത്തിലേക്ക് എത്തിനോക്കുന്നതിന് മുന്‍പ് അതിന്റെ വിദൂര പശ്ചാത്തലത്തിലേക്ക് നമുക്കൊന്ന് കണ്ണോടിക്കാം. അശോക ചക്രവര്‍ത്തിയുടെ കാലമായ ബി.സി.മൂന്നാം ശതകത്തില്‍ തന്നെ ബുദ്ധമതം കേരളത്തില്‍ പ്രചരിച്ചിരുന്നു. ബുദ്ധമതവിഹാരങ്ങളെ പള്ളികള്‍ എന്നാണ് പറഞ്ഞിരുന്നത്. കൃസ്ത്യാനികളും, മുസ്ലീങ്ങളും തങ്ങളുടെ ദേവാലയങ്ങളെ ഇന്നും പള്ളികള്‍ എന്നാണ് വിളിച്ചു വരുന്നത്. ശ്രീബുദ്ധന് പാലി ഭാഷയിലാണ് തത്വോപദേശം ചെയ്തിരുന്നത്. പള്ളി മുതലായ മലയാളത്തില്‍ പ്രചരിച്ചിട്ടുള്ള പല പാലി പദങ്ങളും ബുദ്ധമതസമ്പര്‍ക്കം മൂലം ലഭിച്ചിട്ടുള്ളതാണ്. പള്ളി എന്ന സംജ്ഞ പല പ്രദേശങ്ങളുടേയും പേരിനോട് ചേര്‍ന്നും പ്രചാരത്തിലുണ്ട്. അങ്ങനെയുണ്ടായ സ്ഥലനാമങ്ങളിലൊന്നാണ് ‘വാടാനപ്പള്ളി’ എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
വിദേശികളും സ്വദേശികളുമായ ഭരണാധികാരികള്‍ തന്ത്രപ്രധാനമായ മണപ്പുറം ദ്വീപിനു വേണ്ടി പലപ്പോഴും പോരാടിയിട്ടുണ്ട്. സ്വാതന്ത്ര്യ സമരചരിത്രത്തിലും മണപ്പുറത്തിന് അതിന്റേതായ സ്ഥാനമുണ്ട്. ഡച്ചുകാരും, ഫ്രഞ്ചുകാരും, പോര്‍ച്ചുഗീസുകാരും ഇംഗ്ലീഷുകാരും ഈ മണ്ണില്‍ ആധിപത്യം പുലര്‍ത്തിയിരുന്നവരാണ്. ഡച്ചുകാരെ തോല്‍പ്പിച്ച് മൈസൂര്‍ സുല്ത്താന്മാരായ ഹൈദറും, ടിപ്പുവും ഇവിടെ ഭരണം നടത്തിയിട്ടുണ്ട്. അന്നത്തെ കയറ്റുമതി കേന്ദ്രങ്ങളില്‍ അട്ടുക്കുഴി(നാട്ടിക), മാടായി(വാടാനപ്പള്ളിക്ക് വടക്കുവശം) എന്നിവ പ്രസിദ്ധങ്ങളായിരുന്നു. ഒരു കാലത്ത് കപ്പലടുക്കുന്ന തുറമുഖമായിരുന്ന ചേറ്റുവായില്‍ റോമക്കാര്‍ കുടിയേറിപ്പാര്‍ത്തിരുന്നുവെന്നും പറയപ്പെടുന്നു.
തൊഴിലില്ലായ്മ
മണപ്പുറത്തെ ജനങ്ങള്‍ എന്നും പ്രബുദ്ധരായിരുന്നു. എന്നാല്‍ രൂക്ഷമായ തൊഴിലില്ലായ്മയും നിത്യദാരിദ്ര്യവും മൂലം നിരവധി പേര് ജീവിത മാര്‍ഗം തേടി അന്യ നാടുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരായി. ആദ്യ കാലത്ത് വാടാനപ്പള്ളിയിലും പരിസരത്തുമുള്ള ജനങ്ങള്‍ ജോലി തേടി ചെന്നത് സിലോണ്‍ എന്നറിയപ്പെടുന്ന ഇന്നത്തെ ശ്രീലങ്കയിലായിരുന്നു. 1947-ല്‍ ഇന്ത്യ സ്വതന്ത്രമായതോടെ സിലോണില്‍ കുടിയേറ്റ നിയന്ത്രണങ്ങളുണ്ടായി. തുടര്‍ന്ന് മറ്റ് മേച്ചില്‍പ്പുറങ്ങള്‍ കണ്ടുപിടിക്കാന്‍ മണപ്പുറത്തുകാര്‍ നിര്‍ബന്ധിതരായി. പിന്നീടങ്ങോട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഒഴുക്കായിരുന്നു. ഇന്ന് ഗള്‍ഫ് മേഖലയിലുള്ളവര്‍ വാടാനപ്പള്ളിയുടെ വികസനത്തിന് നര്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്.
ആരാധനാലയങ്ങള്‍
870-ല്‍ പരം വര്‍ഷങ്ങള്‍ പഴക്കമുള്ള ദുര്‍ഗ്ഗാദേവി ക്ഷേത്രമാണ് വാടാനപ്പള്ളിയിലെ പ്രശസ്തമായ ഹൈന്ദവ ക്ഷേത്രം. തൃത്തല്ലൂര്‍ ശിവക്ഷേത്രവും പഞ്ചായത്തിലെ മറ്റൊരു പുരാതനമായ ഹൈന്ദവ ക്ഷേത്രമാണ്. 200-ല്‍ ഏറെ വര്‍ഷങ്ങള്‍ പഴക്കമുള്ള തെക്കേ ജുമാ-അത്ത് പള്ളിയാണ് വാടാനപ്പള്ളിയിലെ ഏറ്റവും പഴക്കമുള്ള മുസ്ലീം ദേവാലയം. വാടാനപ്പള്ളി ദേവസ്വം സൌജന്യമായി വിട്ടുകൊടുത്ത ഭൂമിയിലാണ് അന്ന് പള്ളിയുടെ ശിലാസ്ഥാപനം നടത്തിയത്. ഇരുന്നൂറോളം വര്‍ഷം പഴക്കമുള്ള വടക്കേ ജുമാ-അത്ത് പള്ളിയാണ് പഞ്ചായത്തിലെ പ്രസിദ്ധമായ മറ്റൊരു മുസ്ലീം ദേവാലയം. 1894-ല്‍ ആണ് വാടാനപ്പള്ളിയില്‍ ഒരു കുരിശു പള്ളി സ്ഥാപിക്കുന്നത്. 1899-ലാണ് കുരിശു പള്ളി ഇടവക പള്ളിയായി ഉയര്‍ന്നത്. അതിനു മുന്‍പ് കണ്ടശ്ശാംകടവ് പള്ളിയായിരുന്നു വാടാനപ്പള്ളിയിലെ കൃസ്ത്യന്‍ കുടുംബങ്ങളുടെ ഇടവക പള്ളി.
സാമൂഹ്യസ്ഥിതി
ജാതിവ്യവസ്ഥ വളരെ ശക്തമായ നിലയില്‍ തന്നെ നിലനിന്നിരുന്നു. അധ:സ്ഥിത ജനവിഭാഗത്തിന് ഷര്‍ട്ട് ഇടാനോ, മാറു മറയ്ക്കാനോ, മുട്ടിറങ്ങുന്ന മുണ്ടുടുക്കാനോ ഉള്ള അവകാശം പോലും അക്കാലത്ത് നിഷേധിക്കപ്പെട്ടിരുന്നു. വാടാനപ്പള്ളി, തൃത്തല്ലൂര്‍ ദേവസ്വങ്ങളുടെ ഉടമസ്ഥതയിലായിരുന്നു കൃഷിഭൂമിയില്‍ ഏറിയ ഭാഗവും. അപൂര്‍വ്വം ചില ഈഴവ-ധീവര-മുസ്ലീം ഭൂപ്രഭുക്കളും ഉണ്ടായിരുന്നു.
ദേശീയ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുന്നു
ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തോടെയാണ് വാടാനപ്പള്ളിയില്‍ ദേശീയ പ്രസ്ഥാനം സജീവമാകുന്നത്. 1937-ലാണ് ഔപചാരികമായി വാടാനപ്പള്ളിയില്‍ കോണ്‍ഗ്രസ് കമ്മറ്റി രൂപം കൊള്ളുന്നത്. അതിനു മുന്‍പ് തന്നെ സാമൂഹ്യ പരിഷ്കരണ രംഗത്ത് എസ്.എന്‍ .ഡി.പി യുടേയും മറ്റും നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ ചുവടു പിടിച്ച് വാടാനപ്പള്ളി ക്ഷേത്രത്തിലും പിന്നോക്ക ജാതിക്കാര്‍ക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി ജാഥകള്‍ നടന്നിട്ടുണ്ട്. എസ്.എന്‍ .ഡി.പി-യുടെ നേതൃത്വത്തില്‍ വേട്ടുവ സമുദായത്തില്‍പ്പെട്ട ഒരു പുരുഷനെക്കൊണ്ട് ഈഴവ സ്ത്രീയെ മിശ്രവിവാഹം നടത്തിയ സംഭവവും അക്കാലത്തുണ്ടായിട്ടുണ്ട്. 1940-കളോടെ വാടാനപ്പള്ളിയില്‍ കര്‍ഷക പ്രസ്ഥാനം രൂപം കൊള്ളാന്‍ തുടങ്ങി.
ചാവക്കാട് താലൂക്ക് രൂപം കൊള്ളുന്നു
ഐക്യ കേരളം രൂപീകൃതമാകുന്നതിന് മുന്‍പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്ന് പ്രത്യേക പ്രദേശങ്ങളായിരുന്നു ഉണ്ടായിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ ഒരു അവികസിത ജില്ലയായിരുന്നു മലബാര്‍. ഇന്നത്തെ കാസര്‍കോട്, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ല്യുടെ കുറേ ഭാഗങ്ങല്‍ എന്നിവയായിരുന്നു പഴയ മലബാറില്‍ ഉള്‍പ്പെട്ടിരുന്നത്. 1956നവംബര്‍ 1-ന് ഐക്യകേരളം രൂപീകൃതമായി. 1957 ജനൌവരി 1-ന് മലബാറിനെ വിവിധ ജില്ലകളായി പുന:സംഘടിപ്പിച്ചപ്പോള്‍ പുതിയതായി രൂപംകൊണ്ട ചാവക്കാട് താലൂക്ക് തൃശൂര്‍ ജില്ലയോട് ചേര്‍ന്നു.
വാടാനപ്പള്ളി പഞ്ചായത്ത് രൂപീകൃതമാകുന്നു
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍ പട്ടണത്തില്‍ നിന്നും 18 കി.മീ പടിഞ്ഞാറ് മാറി വാടാനപ്പള്ളി പഞ്ചായത്ത് സ്ഥിതിചെയ്യുന്നു. 1962 ജനുവരി 1-നാണ് വാടാനപ്പള്ളി പഞ്ചായത്ത് സ്ഥാപിതമായത്. 1963 ഡിസംബര്‍ മാസത്തില്‍ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. അന്ന് 7 വാര്‍ഡുകളും 9 പ്രതിനിധികളുമാണ് ഉണ്ടായിരുന്നത്. പ്രഥമ പ്രസിഡണ്ടായി ശ്രീ.പി.ആര്.കുമാരനും, വൈസ് പ്രസിഡണ്ടായി ശ്രീ.എ.കെ.മുഹമ്മദുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇപ്പോള്‍ പഞ്ചായത്തില്‍ 17 വാര്‍ഡുകള്‍ ഉണ്ട്.
വീടുകള്‍
തെങ്ങോല ഉപയോഗിച്ചുള്ള കുടിലുകളും, കളിമണ്ണ് വാരിപ്പൊത്തിയുണ്ടാക്കുന്ന ചുമരുകളും, മെടച്ചില്‍ ഓല ഉപയോഗിച്ചുള്ള മേല്‍പ്പുരകളും എന്നതായിരുന്നു ഒട്ടുമുക്കാലും വീടുകളുടെ പഴയ കാലത്തെ സ്ഥിതി. അപൂര്‍വ്വം ചില സമ്പന്നകുടുംബങ്ങള്‍ക്ക് മാത്രമേ ചെങ്കല്ലു കൊണ്ടുള്ള ഭിത്തികളും ഓടു മേഞ്ഞ മേല്‍ക്കൂരയുമുള്ള വീടുകള്‍ ഉണ്ടായിരുന്നുള്ളൂ.
കൃഷി
തെങ്ങ് കൃഷിയാണ് പഞ്ചായത്തിലെ മുഖ്യമായ കൃഷി. എന്നാല്‍ ഉല്‍പ്പാദനച്ചിലവ് വര്‍ദ്ധിക്കുകയും ഉല്‍പ്പന്നത്തിന്റെ വില ഇടിയുകയും ചെയ്തതിന്റെ ഫലമായി തെങ്ങ് കൃഷിക്കാര്‍ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. പറമ്പുകളില്‍ ഇടവിളകള്‍ ഒന്നും തന്നെ കൃഷി ചെയ്യപ്പെടുന്നില്ല. ഭൂരിപക്ഷം ആളുകള്‍ക്കും കൃഷി ഒരു അനുബന്ധ തൊഴില്‍ മാത്രമാണ്. നെല്‍കൃഷി പ്രായേണ ഇല്ലാതായിക്കഴിഞ്ഞു.
വിദ്യാഭ്യാസം
സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് തന്നെ സ്ഥാപിക്കപ്പെട്ട പത്തോളം സ്കൂളുകള്‍ പ്രാഥമിക വിദ്യാഭ്യാസരംഗത്ത് ഗണ്യമായ മുന്നേറ്റത്തിന് വഴിയൊരുക്കിയിരുന്നു. 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിക്കപ്പെട്ട ഈസ്റ്റ്. എല്‍.പി.സ്കൂളാണ് പഞ്ചായത്തിലെ ആദ്യ വിദ്യാലയം. 1930-ന് മുന്‍പ് തന്നെ ബോധാനന്ദ വിലാസം എല്‍.പി, ഫിഷറീസ് യു.പി, ആര്.സി.യു.പി, സൌത്ത് മാപ്പിള യു.പി എന്നീ വിദ്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ഇതു മൂലം അര നൂറ്റാണ്ടിനു മുന്‍പ് തന്നെ ഈ പഞ്ചായത്തിന് മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന സാക്ഷരത കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
1955 -ല്‍ സ്ഥാപിക്കപ്പെട്ട കമലാ നെഹ്രു ഹൈസ്കൂള്‍ ആണ് പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂള്‍. 1936-ല്‍ സ്ഥാപിക്കപ്പെട്ട ബോര്‍ഡ് സ്കൂള്‍ സമീപകാലത്ത് ഹൈസ്കൂളായി ഉയര്‍ത്തിയതോടെ ഇപ്പാള്‍ പഞ്ചായത്തില്‍ രണ്ട് ഹൈസ്കൂളുകള്‍ ഉണ്ട്.
എല്‍.പി.സ്കൂളുകള്‍ (5)
1. കടപ്പുറം എല്‍.പി.സ്കൂള്‍
2.ഈസ്റ്റ് എല്‍.പി.സ്കൂള്‍
3.ഖദീജുമ്മ മെമ്മോറിയല്‍ മാപ്പിള എല്‍.പി.സ്കൂള്‍
4.ബോധാനന്ദ വിലാസം എല്‍.പി.സ്കൂള്‍
5.ശ്രീ വിദ്യാപോഷിണി എല്‍.പി.സ്കൂള്‍
യു.പി.സ്കൂളുകള്‍ (4)
1. സൌത്ത് മാപ്പിള യു.പി.സ്കൂള്‍
2. ഗവണ്മെന്റ് ഫിഷറീസ് യു.പി.സ്കൂള്‍
3. ആര്.സി.യു.പി.സ്കൂള്‍
4. തൃത്തല്ലൂര്‍ യു.പി.സ്കൂള്‍
ഹൈസ്കൂളുകള്‍ (2)
1. കെ.എന്‍ .എം.വി.എച്ച്.എസ്.എസ്-വാടാനപ്പള്ളി, തൃത്തല്ലൂര്‍
2. ജി.എച്ച്.എസ്.എസ്-വാടാനപ്പള്ളി
ആരോഗ്യം
1960-കളുടെ തുടക്കത്തില്‍ വാടാനപ്പള്ളി പ്രൈമറി ഹെല്‍ത്ത് സെന്റെര് ആരംഭിച്ചതോടെയാണ് പൊതുമേഖലയില്‍ അലോപ്പതി ചികിത്സാ സൌകര്യം നിലവില്‍ വന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ ആയുര്‍വ്വേദ ഡിസ്പെന്‍സറി, പ്രൈമറി ഹെല്‍ത്ത് സെന്റെര് എന്നിവ കൂടാതെ നിരവധി സ്വകാര്യ ആശുപത്രികളും വാടാനപ്പള്ളിയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ഗതാഗതം
ഇന്നത്തെ ദേശീയ പാത -17 പണ്ട് ആല-ചേറ്റുവ റോഡ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ റോഡിന് സമാന്തരമായി പടിഞ്ഞാറ് ഭാഗത്ത് പടിഞ്ഞാറേ ടിപ്പുസുല്‍ത്താന്‍ റോഡും, കിഴക്കു ഭാഗത്ത് കിഴക്കേ ടിപ്പുസുല്‍ത്താന്‍ റോഡും ഉണ്ട്. ടിപ്പുവിന്റെ ചേറ്റുവ കോട്ടയും അവിടെ നിന്ന് നടത്തിയ പടയോട്ടവും തിരിച്ചുവരവുമായി ബന്ധപ്പെടുത്തിയാണ് ഈ രണ്ടു റോഡുകളും അങ്ങനെ അറിയപ്പെടുന്നത്.
റോഡ് ഗതാഗതം രൂപപ്പെടുന്നതിന് മുന്‍പ് വഞ്ചി മാര്‍ഗമാണ് പ്രധാന യാത്രകളെല്ലാം നടത്തപ്പെട്ടിരുന്നത്. 1964-ല്‍ ഉദ്ഘാടനം ചെയ്ത കണ്ടശ്ശാംകടവ് പാലം വാടാനപ്പള്ളിയുടെ സമഗ്ര വികസനത്തിന് വമ്പിച്ച മുതല്‍ക്കൂട്ടായിരുന്നു. വാടാനപ്പള്ളിയില്‍ നിന്ന് തൃശൂര്‍ക്ക് നേരിട്ടുള്ള ബസ് സര്‍വ്വീസ് ആരംഭിച്ചത് ഇതിനെ തുടര്‍ന്നാണ്.
ഇന്ന് കൊടുങ്ങല്ലൂര്‍ മുതല്‍ ചേറ്റുവ വരെയുള്ള മണപ്പുറം മേഖലയില്‍ ദ്രുതഗതിയില്‍ വികസനം നടന്നു കൊണ്ടിരിക്കുന്നത് വാടാനപ്പള്ളിയിലാണ്. നൂറുകണക്കിന് ഓട്ടോറിക്ഷകള്‍, ടാക്സികള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ദൈനദിന യാത്രക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. പൊള്ളാച്ചി,കോയമ്പത്തൂര്‍, തൃശൂര്‍ തുടങ്ങിയ വന്‍ നഗരങ്ങളുടെ ഏറ്റവും അടുത്ത കടലോരമാണ് വാടാനപ്പള്ളി ബീച്ച്. ഇന്ന് തിരക്കേറിയ ഒരു ഗതാഗത മേഖലയായി വാടാനപ്പള്ളി പഞ്ചായത്ത് ഉയര്‍ന്നു കഴിഞ്ഞു.
ചിട്ടപ്പെടുത്തിയത് : രാജേഷ്.കെ.ആര്
( അവലംബം : വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് വികസന റിപ്പോര്‍ട്ട് )
Friday, December 11, 2009
സ്കൂളിന്റെ ചരിത്രത്തിലേക്ക്.....
തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളി ഗ്രാമപഞ്ചായത്തിലാണ് കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. 1955 മെയ്-25 ന് മുന്‍പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധിയാണ് സ്കൂളിന്റെ ശിലാസ്ഥാപനം നടത്തിയത്. അതേ വര്‍ഷം ഒക്ടോബര്‍ 30-ന് കേരളത്തിലെ പ്രഥമ ഗവര്‍ണര്‍ ഡോ: ബി.രാമകൃഷ്ണറാവുവാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. മണപ്പുറത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാന മുന്നേറ്റമായിരുന്നു ഇത്. ഇപ്പോള്‍ വാടാനപ്പള്ളി കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. വാടാനപ്പള്ളി പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്കൂളായിരുന്നു ഇത്.
അന്തരിച്ച ശ്രീ.കളപ്പുരയില്‍ ബാലകൃഷ്ണന് നായരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായാണ് സ്കൂള്‍ സ്ഥാപിതമായതെന്ന് പറയാം. ശ്രീമതി ശാരദാ ബാലകൃഷ്ണനായിരുന്നു സ്കൂളിന്റെ അന്നത്തെ മാനേജര്‍. 1958-ലാണ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്കൂളിന്റെ പ്രവര്‍ത്തനം മാറ്റിയത്.
1985-ല്‍ ശ്രീ.കെ.വി.സദാനന്ദന് സ്കൂളിന്റെ മാനേജ്മെന്റ് ഏറ്റെടുത്തു. 1993 ഡിസംബര്‍ 17-ന് സ്കൂളിന്റെ ഒരു കെട്ടിടം ഭാഗികമായി കത്തി നശിക്കുകയുണ്ടായി. അതിനു ശേഷമാണ് 1995-ല്‍ ഇപ്പോഴത്തെ കെട്ടിടം പണി തീര്‍ത്ത് പ്രവര്‍ത്തനം അതിലേക്ക് മാറ്റിയത്. ആ വര്‍ഷം തന്നെ സ്കൂളില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി കോഴ്സ് ആരംഭിച്ചു. തുടര്‍ന്ന് 2004-ല്‍ ഹയര്‍ സെക്കണ്ടറി കോഴ്സും അനുവദിച്ചു കിട്ടുകയുണ്ടായി. മണപ്പുറത്തിന്റെ അഭിമാനമായി, പാഠ്യ- പാഠ്യേതര- കായിക രംഗങ്ങളിലെ മുന്നേറ്റങ്ങളുമായി, കമലാ നെഹ്രു മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്നും അതിന്റെ പ്രയാണം തുടരുകയാണ്.