Saturday, December 3, 2011

നിലനില്‍പ്പിനേക്കാള്‍ വലുതാണോ നിയമങ്ങളും കരാറുകളും?

മുല്ലപ്പെരിയാര്‍ കരാറിന്‍റെ നിയമ സാധുത പുന:പരിശോധിച്ച് പൊളിച്ചെഴുതാന്‍ തടസ്സമായി നില്‍ക്കുന്നത് ദുര്‍ബലമായ ഒരു കോടതി വിധി ആണെങ്കില്‍ , ആ കോടതി വിധിയെ മറികടക്കാന്‍ മുപ്പതു ലക്ഷം ആളുകളുടെ ജീവനേക്കാള്‍ വലിയ ഒരു കാരണം ആവശ്യമുണ്ടോ ? അതുകൊണ്ട് എടുക്കേണ്ട നടപടികള്‍ ഒരു നിമിഷം പാഴാക്കാതെ എടുത്ത് , കേരളീയരുടെ തലയ്ക്കു മുകളില്‍ തൂങ്ങുന്ന മുല്ലപ്പെരിയാര്‍ എന്ന ഡെമോക്ലസിന്റെ വാള്‍ എടുത്ത് മാറ്റാന്‍ കേരളം ആര്‍ജ്ജവം കാണിക്കണം. നിലനില്‍പ്പിനെക്കാള്‍ വലുതല്ല നിയമങ്ങളും കരാറുകളും !!! തമിഴനും മലയാളിയും മനുഷ്യനാണ്. ഒരു വിഭാഗം വെള്ളം കിട്ടാതെയും മറ്റൊരു വിഭാഗം വെള്ളത്തില്‍ മുങ്ങിയും മരിക്കുന്ന അവസ്ഥ വരരുത്.

ഇന്നത്തെ സാഹചര്യത്തില്‍, ഈ വിഷയത്തിന്റെ ഗൌരവം എത്രമാത്രമെന്ന് ബോധ്യപ്പെടാന്‍ ‘മുല്ലപ്പെരിയാര്‍ : യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍’ എന്ന ഈ മലയാളം ഡൊക്യുമെന്ററി കാണുക

മുല്ലപ്പെരിയാര്‍ ഡോക്യുമെന്ററി : ഭാഗം - 1




മുല്ലപ്പെരിയാര്‍ ഡോക്യുമെന്ററി : ഭാഗം - 2




മുല്ലപ്പെരിയാര്‍ ഡോക്യുമെന്ററി : ഭാഗം - 3




മുല്ലപ്പെരിയാര്‍ ഡോക്യുമെന്ററി : ഭാഗം - 4

Friday, December 2, 2011

എന്താണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ?

പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് 8000 ഏക്കര്‍ സ്ഥലത്തിനൊപ്പം 100 ഏക്കര്‍ സ്ഥലം ഡാം നിര്‍മ്മാണത്തിനും വിട്ടുകൊടുത്തുകൊണ്ട് തിരുവിതാംകൂറും മദ്രാസ് പ്രസിഡന്‍സിയും തമ്മില്‍ 1886ല്‍ ആണ് മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ ഒപ്പിടുന്നത്. 999കൊല്ലത്തേക്കായിരുന്നു കരാര്‍. (999 കൊല്ലത്തിന് ശേഷം വേണമെങ്കില്‍ ഇനിയൊരു 999 കൊല്ലത്തേക്ക് കൂടെ കരാര്‍ പുതുക്കാമെന്നും കരാറില്‍ പറയുന്നുണ്ട്.) പക്ഷെ, 1947ല്‍ സ്വാതന്ത്ര്യം കിട്ടിയതോടെ ഇന്ത്യയൊട്ടാകെ ബ്രിട്ടീഷുകാര്‍ വഴി ഉണ്ടാക്കപ്പെട്ട എല്ലാ കരാറുകളും സ്വാഭാവികമായും റദ്ദാക്കപ്പെട്ടു. പിന്നീട് സി.അച്ചുതമേനോന്റെ കാലത്ത് പാട്ടക്കരാറിലെ പഴയ വ്യവസ്ഥകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ജലസേചനത്തിന് മാത്രമല്ല വൈദ്യുതി ഉല്‍‌പ്പാദനത്തിലും ജലം ഉപയോഗിക്കാമെന്ന നിബന്ധനങ്ങള്‍ മുന്‍‌കാലപ്രാബല്യത്തില്‍ എഴുതിച്ചേര്‍ത്ത് പാട്ടക്കരാര്‍ പുതുക്കി. 8000 ഏക്കറിന് 5 രൂപ എന്ന നിരക്കില്‍ കേരളത്തിന് കിട്ടിയിരുന്ന തുക, 8000 ഏക്കറിന് 30 രൂപ എന്ന നിരക്കില്‍ ആക്കി എന്നത് മാത്രമാണ് പുതുക്കിയ കരാറുകൊണ്ട് കേരളത്തിനുണ്ടായ നേട്ടം. കരാര്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ ഡാം കേരളത്തിന്റെ ഭൂമിയില്‍ ആണെങ്കിലും അതിന്റെ ഉടമസ്ഥര്‍ തമിഴ്‌നാടാണ്.

സോഹന്‍ റോയ് ഒരുക്കിയ 'ജലബോംബുകള്‍' (മലയാളം ഡോക്യുമെന്ററി) ഇവിടെ കാണാം.......



മുല്ലപ്പെരിയാര്‍ കേരളജനതയെ മുള്‍മുനയില്‍ നിര്‍ത്തുന്ന ആശങ്കയായി തുടരുമ്പോള്‍ ഇന്ത്യാവിഷന്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റിലൂടെ മുല്ലപ്പെരിയാറിന്റെ ദുരന്തഗതി അന്വേഷിക്കുന്നു..... വീഡീയോ ഇവിടെ കാണാം....



ഡാമിന്റെ ജാതകം


1886 ല്‍ അണക്കെട്ട് നിര്‍മ്മാണം ആരംഭിച്ചു. ചുണ്ണാമ്പ്, കല്ല്, ചരല്‍, സുര്‍ക്കി(ചുണ്ണാമ്പും ചരലും ചേത്ത് ചുട്ടെടുക്കുന്ന ഇഷ്ടിക പോലുള്ള വസ്തു.) എന്നിവ ഉപയോഗിച്ചാണ് ഡാം നിര്‍മ്മിച്ചിരിക്കുന്നത്. 1876 ല്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്തുകൊണ്ട് പെന്നി ക്വിക്ക് എന്ന എഞ്ചിനീയറുടെ നേതൃത്വത്തില്‍ ഡാംനിര്‍മ്മാണാം പൂര്‍ത്തിയാക്കപ്പെട്ടു. 442 പേരോളം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പല കാരണങ്ങളാല്‍ കൊല്ലപ്പെട്ടു. നിര്‍മ്മാണ കാലഘട്ടത്ത് തന്നെ 50 കൊല്ലം മാത്രമാണ് ഡാമിന് ആയുസ്സ് കല്‍‌പ്പിച്ചിരുന്നത്. ആ കാലയളവും കഴിഞ്ഞ് 66 കൊല്ലം കൂടെ തരണം ചെയ്ത ഡാമിന്റെ ഇപ്പോഴത്തെ പ്രായം 116 കൊല്ലമാണ്. തമിഴ് നാടിന് വെള്ളം കൊടുക്കുക എന്ന ഉദ്ദേശത്തോടെ മാത്രം ഉണ്ടാക്കിയ അണക്കെട്ട് ആയതുകൊണ്ട് ഇതിന് ഷട്ടറുകള്‍ ഇല്ല.

ഡാമിന്റെ ഇപ്പോഴത്തെ അവസ്ഥയും കേസും

ഡാമിന്റെ ബലക്ഷയം ഉണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചപ്പോള്‍ സുരക്ഷാ നടപടിയായി ജലനിരപ്പ് കുറക്കേണ്ടത് ആവശ്യമാകുകയും അതേച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ കോടതിയിലേക്ക് നീങ്ങുകയും ചെയ്തു. പുതിയ ഡാം ഉണ്ടാക്കണം എന്ന ആവശ്യമാണ് കേരളത്തിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നത്. പുതിയ ഡാം ഉണ്ടാക്കി ഇപ്പോള്‍ നല്‍കുന്ന അത്രയുമോ അല്ലെങ്കില്‍ മുല്ലപ്പെരിയാറിലെ മുഴുവന്‍ വെള്ളമോ തമിഴ്‌നാടിന് നല്‍കാമെന്ന് കേരളം ഇപ്പോഴും ഉറപ്പ് നല്‍കുന്നുവെങ്കിലും തമിഴ്‌നാട് വഴങ്ങുന്നില്ല. തങ്ങള്‍ക്ക് വെള്ളം നിഷേധിക്കുകയാണ് എന്ന രീതിയിലുള്ള പ്രചരണമാണ് അവര്‍ അഴിച്ചുവിടുന്നത്. സുപ്രീം കോടതി നിയമിച്ച ഉന്നതാധികാര സമിതിക്ക് മുന്നില്‍, നാളെ നാളെ നീളെ നീളെ എന്ന മട്ടില്‍ കേസ് ഇഴഞ്ഞ് നീങ്ങിക്കൊണ്ടിരിക്കുന്നു. ഇക്കാലത്തിനിടയ്ക്ക് ബലം വര്‍ദ്ധിപ്പിക്കാനായി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഡാമില്‍ നടന്നിട്ടുണ്ട്. അതില്‍ കേബിള്‍ ഹാങ്കറിങ്ങ് പോലുള്ള കാര്യങ്ങള്‍ ഡാമിന്റെ ബലക്ഷയത്തിന് കാരണമായി ഭവിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ദിനം‌പ്രതി ഡാമിന്റെ ബലം ക്ഷയിച്ചുകൊണ്ടിരിക്കുന്നു. കൂനിന്മേല്‍ കുരു എന്നതുപോലെ തുടര്‍ ഭൂചലനങ്ങളും വരാന്‍ തുടങ്ങിയതോടെ ഡാമില്‍ വിള്ളലുകള്‍ ഉണ്ടാകുകയും ആ വിള്ളലുകള്‍ വലുതാകുകയും ചെയ്തു. കഴിഞ്ഞ കുറെ ദിവസമായി തുടരുന്ന മഴ കാരണം ഡാമിലേക്കുള്ള നീരൊഴുക്ക് റെക്കോഡ് ഇട്ടിരിക്കുകയാണ്. അണക്കെട്ട് തകര്‍ന്നാലുള്ള ഗുരുതരാവസ്ഥ പ്രവചനാതീതമാണ്. പെട്ടെന്ന് തന്നെ വെള്ളം തുറന്ന് വിട്ട് അപകട സാദ്ധ്യത ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളുമില്ല. വളരെ സമയം എടുത്ത് ഡീ-കമ്മീഷന്‍ ചെയ്യുക, അതുവരെ ജലനിരപ്പ് പരമാവധി താഴ്‌ത്തി വെക്കുക എന്നത് മാത്രമാണ് സുരക്ഷിതമായ നടപടി. റിൿടര്‍ സ്കെയിലില്‍ 6 കാണിക്കുന്ന ഒരു ഭൂകമ്പത്തെ താങ്ങാന്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ആയെന്ന് വരില്ല.

ഡാം തകര്‍ന്നാല്‍.....

1. കേരളത്തിലെ അഞ്ച് ജില്ലകള്‍ ഭാഗികമായോ പൂര്‍ണ്ണമായോ വെള്ളത്തിനടിയിലാകും.

2. കേരളം തന്നെ രണ്ടായി വിഭജിക്കപ്പെട്ടെന്ന് വരാം.3. മുല്ലപ്പെരിയാര്‍ ഡാം പൊട്ടി അതിലെ വെള്ളം മുഴുവന്‍ താങ്ങാനാകാതെ ഇടുക്കി ഡാം കൂടെ പൊട്ടിയാല്‍ കേരളം ഇരുട്ടിലാകും.
4. അഞ്ച് ജില്ലകളിലായി 35 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി.
5. ഡാം തകര്‍ന്നാല്‍ അതിന്റെ വിപത്തുകളില്‍ നിന്ന് കര കയറാന്‍ 15 വര്‍ഷമെങ്കിലും കേരള സംസ്ഥാനം എടുക്കും.
6. ഡാം തകര്‍ന്നാല്‍ അതിലെ ജലം ഉപയോഗിച്ച് കൃഷി ചെയ്യുന്ന തമിഴ്‌നാട്ടിലെ 5 ജില്ലകളിളും പട്ടിണിയിലേക്ക് നീങ്ങും.
7. ഇതിനൊക്കെ പുറമേ, ഉണ്ടാകാന്‍ പോകുന്ന മഹാമാരികള്‍, രോഗങ്ങള്‍, പട്ടിണി, തൊഴിലില്ലായ്‌മ എന്നീ കാര്യങ്ങളുടെ ഭീകരതയെക്കുറിച്ച് കൃത്യമായി ഒരു ചിത്രം ആര്‍ക്കും സങ്കല്‍‌പ്പിക്കാന്‍ പോലുംആവില്ല.


കടപ്പാട് : നിരക്ഷരന്‍

വിശദമായ വായനയ്ക്ക് സന്ദര്‍ശിക്കൂ.....
http://niraksharan.blogspot.com/